
ഡോ. സുകന്യ നായര്‍
കേന്ദ്ര സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കുന്നതിനുള്ള മാതൃകാ വിദ്യാലയങ്ങള്‍ സൃഷ്ട്ടിക്കുന്നതിനായി ആവിഷ്ക്കരിച്ച പി. എം. ശ്രീ പദ്ധതി സംബന്ധിച്ച് സംസ്ഥാനത്ത് നിലനില്‍ക്കുന്ന തര്‍ക്കവിതര്‍ക്കങ്ങല്‍ക്കിടെ ഇടതുപക്ഷ അനുകൂല സംഘടനയായ കേരള ശാസ്ത്ര സാഹിത്യ പരിഷത്തും തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഇത് കേരള രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതെളിയിക്കുമെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്.
2022 സെപ്തംബര്‍ മാസമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാന്‍ മന്ത്രി സ്കൂള്‍സ് ഫോര്‍ റൈസിംഗ് ഇന്ത്യ എന്ന പി. എം. ശ്രീ പദ്ധതി പ്രഖ്യാപിച്ചത്. 2022 – 23 മുതല്‍ 2026 – 27 വരെയുള്ള കാലയളവിലേക്കായി കേന്ദ്ര സര്‍ക്കാര്‍ 27,360 കോടി രൂപ അനുവദിക്കുകയും ചെയ്തു. 60:40 അനുപാതത്തില്‍ സംസ്ഥാന വിതം കൂടി ഉള്‍പ്പെടുന്നതാണ് ഈ തുക. ഒരു ബ്ലോക്കില്‍ രണ്ട് വിദ്യാലയങ്ങള്‍ എന്ന കണക്കില്‍ ആകെ 14,500 വിദ്യാലയങ്ങളെ പി. എം. ശ്രീക വിദ്യാലയങ്ങളായി പരിവര്ത്തിപ്പിക്കലാണ് ലക്‌ഷ്യം. ഇതുവരെ 13,092 വിദ്യാലയങ്ങളാണ് പി. എം. ശ്രീ വിദ്യാലയങ്ങളായി മാറിയത്.
കേരളത്തില്‍ പി. എം. ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഇടത്, വലത് മുന്നണികളില്‍നിന്നും എതിര്‍പ്പ് ഉയര്‍ന്നുവന്നു. ബി.ജെ.പി ഒഴിച്ചുള്ള മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്കെല്ലാം ഇക്കാര്യത്തില്‍ ഏറിയും കുറഞ്ഞും ഒരേ അഭിപ്രായമാണ്. എന്നിട്ടും ഇടത് പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായി പ്രവര്‍ത്തിച്ച വി. ശിവന്‍കുട്ടി പി. എം. ശ്രീ പദ്ധതി സംബന്ധിച്ച കരാറില്‍ ഒപ്പുവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി. 23.10.2025ന് കേരളം പി. എം. ശ്രീ പദ്ധതി സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. ഇത് വലിയതോതില്‍ ചര്‍ച്ചചെയ്യപ്പെട്ടു. പ്രതിപക്ഷം ശക്തമായ പ്രചാരണായുദ്ധമായി ഉപയോഗിച്ചു. ഈ നടപടി ഇടത് പക്ഷ ജനാധിപത്യ മുന്നണിക്ക് അധികാരം നഷ്ട്ടപ്പെടാന്‍ കാരണമായി എന്ന്‍ സി.പി.ഐ (എം) തന്നെ പിന്നീട് വിലയിരുത്തിയെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇടതുപക്ഷ അനുകൂല സംഘടനയായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയത്.
“സമഗ്ര ശിക്ഷ ഫണ്ട് ലഭിക്കണമെങ്കില്‍ പി. എം. ശ്രീയില്‍ ഒപ്പിടണമെന്ന നിലപാട് യൂണിയന്‍ സര്‍ക്കാര്‍ കൈക്കൊണ്ട് സമഗ്ര ശിക്ഷ ഫണ്ട് ഏകപക്ഷീയമായി തടഞ്ഞുവെച്ച ഘട്ടത്തിലാണ് പ്രസ്തുത ഫണ്ട് ലഭിക്കാന്‍ എം ഒ യുവില്‍ ഒപ്പിടുന്ന സാഹചര്യമുണ്ടായതെന്നും പി. എം. ശ്രീ സ്കൂള്‍ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് ഒപ്പിട്ട എഗ്രിമെന്റ് മരവിപ്പിക്കാനുള്ള കത്ത് നല്‍കിയതെന്നുമാണ് അന്നത്തെ സര്‍ക്കാരിന്‍റെ ഭാഗമായവര്‍ വിശദീകരിക്കുന്നത്.” ഒപ്പിടലിനുള്ള ശിവന്‍കുട്ടിയുടെയും മറ്റും ന്യായീകരണം പരിഷത്തും ആവര്‍ത്തിക്കുന്നു. എന്നാല്‍ അതിനോട് തങ്ങള്‍ യോജിക്കുന്നില്ലെന്ന് തുടര്‍ന്ന്‍ വ്യക്തമാക്കുന്നതോടെയാണ് അഭിപ്രായത്തിന് രാഷ്ട്രീയ പ്രാധാന്യം ലഭിക്കുന്നത്.
“വിശദീകരണം എന്തുതന്നെയായാലും കേരളത്തിന്‍റെ പൊതുവികാരതിനെതിരായിരുന്നുപി. എം. ശ്രീയില്‍ ഒപ്പിട്ട അന്നത്തെ സര്‍ക്കാരിന്‍റെ തീരുമാനം. എല്‍.ഡി.എഫ് ഇക്കാര്യത്തിലെടുത്ത തീരുമാനം തെറ്റായിരുന്നു”. സി.പി.ഐ.(എം) ജനറല്‍സെക്രട്ടറി എം. എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച സി. രാമകൃഷ്ണന്‍ പ്രസിഡണ്ടായി പ്രവര്‍ത്തിക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് ഈ അഭിപ്രായം രേഖപ്പെടുത്തിയതെന്നത് കൗതുകകകരമാണ്. ഒപ്പുവെച്ച നടപടി ദേശീയതലത്തില്‍ ഉയര്‍ന്നുവന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കിയെന്നും പരിഷത്ത് പറഞ്ഞുവയ്ക്കുന്നു.
