Get in touch

ജയിൽ സംവിധാനത്തിലും സ്വകാര്യവൽക്കരണം വരണം

govindachami soumy murder case criminal

ജയിൽ സംവിധാനത്തിലും സ്വകാര്യവൽക്കരണം വരണം

ഗോവിന്ദച്ചാമി ജയിൽ ചാടിയതിനെ തുടർന്ന് നമ്മുടെ ജയിൽ സംവിധാനങ്ങൾ വീണ്ടും ചർച്ചയാവുകയാണല്ലോ. ജയിൽ സംവിധാനങ്ങളിൽ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിക്കാൻ ഒരു കമ്മീഷനെ നിയമിച്ചു എന്ന് വായിച്ചു. ഞാൻ ഏറെ ബഹുമാനിക്കുന്ന ജേക്കബ് പുന്നൂസ് സാർ അതിൽ ഉണ്ടെന്നതും ആശാവഹമാണ്.

ജയിലുകളിലെ തിരക്ക് ഒഴിവാക്കാൻ പുതിയ ജയിലുകൾ ഉണ്ടാക്കണം എന്ന നിർദ്ദേശവും വായിച്ചു. നല്ലത്. മുഖ്യമന്ത്രിയുൾപ്പെടെയുള്ള നമ്മുടെ നേതാക്കളിൽ പലരും ജയിൽവാസം അനുഭവിച്ചിട്ടുള്ളവരാണ്. അതുകൊണ്ട് തന്നെ ജയിലിനെക്കുറിച്ചും ആവശ്യമായ പരിഷ്കരണത്തെക്കുറിച്ചും അവർക്ക് കൂടുതൽ അറിവും വ്യക്തമായ അഭിപ്രായങ്ങളും കാണും.

കുറ്റവാളികളുടെ എണ്ണം പൊതുവിൽ കുറവുള്ള സ്ഥലമാണ് കേരളം. കേരളത്തിലെ ശരാശരി മനുഷ്യർക്ക് ജയിലിനെക്കുറിച്ചുള്ള അറിവ് കൂടുതലും സിനിമ കണ്ടിട്ടുള്ളതാണ്. എന്റെ കാര്യവും വ്യത്യസ്തമല്ല. അടുത്തയിടെയായി കേരള പ്രിസൺ ആൻഡ് കറക്ഷണൽ സർവ്വീസിൽ നിന്നും വിരമിച്ച ചിലരും ജയിലിൽ കിടന്ന വെള്ളത്തൂവൽ സ്റ്റീഫനെപ്പോലെ ചിലരും ‘ചരിത്രം എന്നിലൂടെ’ എന്ന സഫാരി ടി.വി. പരമ്പരയിൽ ജയിലിനെപ്പറ്റി കൂടുതൽ ഫസ്റ്റ് പേഴ്സൺ വിവരണങ്ങൾ തന്നിട്ടുണ്ട്. എന്റെ ഒരു സുഹൃത്ത് കേരള പ്രിസൺ ആൻഡ് കറക്ഷണൽ സർവ്വീസിൽ ഉള്ളതുകൊണ്ട് കേരളത്തിലെ ഏറ്റവും പുതിയ ജയിലുകളിൽ ഒന്നായ പാലക്കാട് ജയിൽ സന്ദർശിക്കാൻ എനിക്ക് അവസരവും കിട്ടിയിട്ടുണ്ട്.

എന്നാൽ ഈ വിഷയത്തിൽ എന്റെ അറിവ് കൂടുതലും മറ്റു രാജ്യങ്ങളിലെ ജയിലുകൾ കണ്ടും അവിടുത്തെ രീതികൾ പഠിച്ചും ഉള്ളതാണ്. കേരളത്തിലേക്കാൾ വളരെ നല്ലതും വളരെ മോശവുമായ ജയിലുകൾ ഞാൻ കണ്ടിട്ടുണ്ട്. മറ്റെല്ലാ കാര്യങ്ങളെയും പോലെ ഈ വിഷയത്തിലും കേരളം നമ്പർ വണ്ണും ഇന്ത്യക്ക് മാതൃകയും ആകണമെന്നതിനാൽ ഈ വിഷയത്തിൽ എന്റെ കുറച്ച് അഭിപ്രായങ്ങൾ പറയാം.

1. കുറ്റവാളികളുടെ എണ്ണം കൂടുന്നതനുസരിച്ച് തിരക്ക് കുറയ്ക്കാൻ കൂടുതൽ ജയിലുകൾ ഉണ്ടാക്കുക എന്നതല്ല ജയിലിൽ അടക്കപ്പെടേണ്ട കുറ്റവാളികളുടെ എണ്ണം കുറയ്ക്കുക എന്നതായിരിക്കണം നമ്മുടെ സമൂഹത്തിന്റെ ഒന്നാമത്തെ ലക്ഷ്യം.

2. ജയിൽ എന്നത് കുറ്റവാളികളെ ശിക്ഷിക്കാനുള്ള സ്ഥലമല്ല, മറിച്ച് ജയിൽ ആണ് ശിക്ഷ. ഒരു തെറ്റ് ചെയ്തതിനാൽ സമൂഹത്തിൽ നിന്നും അവർ ഒരു നിശ്ചിത കാലത്തേക്ക് മാറ്റി നിർത്തപ്പെടുകയാണ്. അവർക്ക് സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യം ഇല്ലാതാകുന്നു, അതാണ് ശിക്ഷ. അല്ലാതെ ജയിലിൽ എത്തുമ്പോൾ അവരെ അടിക്കുകയോ മറ്റു തരത്തിൽ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുക അല്ല ജയിലിന്റെ ലക്ഷ്യം. ജയിലിൽ ഉള്ളവർക്ക് ഭക്ഷണം കഴിക്കാനുള്ള പാത്രം പോലും കൊടുക്കാൻ വൈകിപ്പിക്കുന്നതിൽ ആനന്ദം കാണുന്ന ജയിൽ ഉദ്യോഗസ്ഥരെപ്പറ്റി ജോസഫ് സാർ അദ്ദേഹത്തിന്റെ അനുഭവങ്ങളിൽ പറഞ്ഞിട്ടുണ്ട്. അതൊന്നും ഈ നൂറ്റാണ്ടിന് ചേർന്ന രീതിയല്ല.

3. ജയിലിൽ എത്തുന്നവരിൽ ബഹുഭൂരിപക്ഷം ആളുകളെയും പരിവർത്തനത്തിന് വിധേയരാക്കി തിരിച്ച് സമൂഹത്തിൽ ജീവിക്കാൻ പ്രാപ്തരാക്കുക എന്നതാണ് പ്രിസൺ ആൻഡ് കറക്ഷണൽ സർവ്വീസ് ശ്രദ്ധിക്കേണ്ട കാര്യം. ചെയ്ത തെറ്റിന്റെ കാഠിന്യം കൊണ്ട് ഇനി പൊതുസമൂഹത്തിൽ ജീവിക്കാൻ അർഹതയില്ല എന്ന് നമ്മുടെ നിയമ സംവിധാനം കണ്ടെത്തിയ ആളുകൾ ഒഴിച്ച് മറ്റുള്ളവരുടെ കാര്യമാണ് പറയുന്നത്.

4. നമ്മുടെ ജയിലിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ചില രീതികൾ റിട്ടയറായ ഒരു ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞത് ഒരിക്കൽ വായിച്ചു. ജയിൽ പുള്ളികൾ മുണ്ടുടുക്കണം എന്നതും കേരളീയഭക്ഷണമാണ് മെനു എന്നതുമാണ്. കേരളത്തിന് പുറത്തുനിന്നും വിദേശത്തുനിന്നും ഉള്ള കുറ്റവാളികൾ കേരളത്തിൽ കൂടുകയാണ്. അവർക്ക് കേരളീയ വസ്ത്രവും ഭക്ഷണവും മാത്രമേ കൊടുക്കൂ എന്ന് നിർബന്ധിക്കുന്നതിൽ ഒരു കാര്യവുമില്ല. അതൊക്കെ എന്നേ മാറ്റേണ്ടതാണ്.

5. ജയിലിൽ മിക്ക സ്ഥലങ്ങളിലും ആളുകൾ നിലത്ത് പായയിലാണ് കിടക്കുന്നത് എന്ന് വായിച്ചു. തലയിണ നൽകില്ല എന്നും. ഇതൊക്കെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ രീതികളാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെപ്പോലെ തലയിണയൊന്നും ഇന്നൊരു ലക്ഷ്വറി അല്ല. ഇന്ന് കേരളത്തിൽ ആരാണ് പായയിൽ കിടക്കുന്നത്? കുറച്ചു നാൾ കഴിഞ്ഞാൽ കേരളത്തിൽ പായ തന്നെ ഇല്ലാതാകും. സ്വാതന്ത്ര്യം മാറ്റിവെയ്ക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ ജയിലിലുള്ളവർക്ക് ആരോഗ്യത്തോടെ അവിടെ ജീവിക്കാനുള്ള സംവിധാനമാണ് ഒരുക്കേണ്ടത്. ഇത്തരത്തിലുള്ള കാര്യങ്ങളിൽ നമ്മൾ വൈരാഗ്യബുദ്ധിയോടെ പെരുമാറേണ്ട കാര്യമില്ല, പാരമ്പര്യത്തിൽ പിടിച്ചു തൂങ്ങേണ്ട കാര്യവുമില്ല.

6. സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെടേണ്ടവരെ, വിചാരണ തടവുകാർ ഉൾപ്പടെ, ചില സാഹചര്യങ്ങളിൽ നിബന്ധനകളോടെ, ശരീരത്തിൽ ഒരു ഇലക്ട്രോണിക് ടാഗിംഗ്‌ ബ്രേസ്‌ലെറ്റ് ഘടിപ്പിച്ച് വീട്ടിലിരുത്തുന്ന രീതി ഇപ്പോൾ പല രാജ്യങ്ങളിലുമുണ്ട്. ഇത്തരം പുതിയ സാങ്കേതിക സാധ്യതകൾ നമ്മളും അന്വേഷിക്കണം, നിയമത്തിന്റെ ഭാഗമാക്കണം, നടപ്പിലാക്കണം. കേരളത്തിലെപോലെ അടുത്ത വീട്ടിലെ കാര്യങ്ങളിലേക്ക് ഭൂതക്കണ്ണാടിയുമായി ഇരിക്കുന്ന ഒരു സമൂഹം ഉള്ളിടത്ത് അമേരിക്കയേക്കാൾ ഫലപ്രദമായി നമുക്കിത് നടപ്പിലാക്കാനാകും.

7. കേരളത്തിലെ പല ജയിലുകളും, പ്രത്യേകിച്ച് പഴയ ജയിലുകൾ, പൂജപ്പുര ഉൾപ്പടെ, നഗരത്തിന്റെ നടുക്ക്, വളരെയധികം സ്ഥലം അപഹരിച്ച് പഴയ കാലത്തെ നിർമ്മിതിയായി ഒന്നോ രണ്ടോ നിലയിൽ നിർമ്മിച്ചതാണ്. സുരക്ഷയും കോടതിയിൽ കക്ഷിയെ ഹാജരാക്കാനുള്ള യാത്രാസൗകര്യവും ആലോചിച്ചായിരിക്കണം അക്കാലത്ത് ജയിലുകൾ നഗരത്തിൽത്തന്നെ ഉണ്ടാക്കിയത്. ഇന്നിപ്പോൾ അതിന്റെ ഒരാവശ്യവുമില്ല. നഗര മധ്യത്തിൽ പ്രൈം സ്പോട്ടിൽ ഹെക്ടർ കണക്കിന് സ്ഥലമാണ് നൂറ്റാണ്ടുകളായി പഴയ രീതിയിലുള്ള ഈ കെട്ടിടങ്ങൾ അപഹരിക്കുന്നത്. യാത്രാസംവിധാനങ്ങൾ മെച്ചപ്പെടുകകയും ഓൺലൈൻ കോടതി വരെ സാധ്യമാവുകയും ചെയ്യുന്ന ഈ കാലത്ത് ഈ ജയിലുകൾ നഗരത്തിൽ നിന്നും മാറ്റി പല നിലകളിലുള്ള വീഡിയോ കോൺഫറൻസ് അടക്കമുള്ള ആധുനിക സൗകര്യങ്ങളുള്ള ചെറിയ ഒരു കാമ്പസിലേക്ക് മാറ്റാം. നഗര മധ്യത്തിൽ മറ്റാവശ്യങ്ങൾക്ക് സ്ഥലം ലഭ്യമാകുകയും ചെയ്യും. ഏതെങ്കിലും ഒരു പ്രൈവറ്റ് റിയൽ എസ്റ്റേറ്റ് കമ്പനിക്ക് ഇപ്പോഴത്തെ സ്ഥലം വിട്ടുകൊടുക്കാമെന്ന് പറഞ്ഞാൽ പൂജപ്പുരയിലെ ജയിലിനേക്കാൾ ഇരട്ടി ജയിൽപ്പുള്ളികളെ പാർപ്പിക്കാൻ സൗകര്യമുള്ള, ആധുനികമായ നിരീക്ഷണ സൗകര്യങ്ങളും കോടതി സൗകര്യങ്ങളുമുളള കെട്ടിടങ്ങൾ പൂജപ്പുരയിലെ സ്ഥലത്തിന്റെ മൂന്നിലൊന്ന് സ്ഥലത്ത് തലസ്ഥാനത്തിന്റെ അമ്പത് കിലോമീറ്ററിനുള്ളിൽ ഉണ്ടാക്കിത്തരും. ഇതൊരു ലേലം വിളി ആക്കിയാൽ മതി, ആക്കണം. സർക്കാർ നിർദ്ദേശിക്കുന്ന രീതിയിലുള്ള സ്ഥലം കണ്ടെത്തി, പുതിയ കെട്ടിടവും ഉണ്ടാക്കി, സർക്കാരിന് ഏറ്റവും കൂടുതൽ പണവും നൽകുന്നവർക്ക് പൂജപ്പുരയിലെ സ്ഥലം കൊടുക്കും എന്ന് പറഞ്ഞാൽ മതി. (ലക്‌നൗ നഗരത്തിന്റെ നടുക്ക് ഇപ്പോൾ നമ്മൾ കാണുന്ന വമ്പൻ പാർക്കുകൾ അവിടുത്തെ ജയിലുകൾ ആയിരുന്നു). ഇത് പൂജപ്പുരയിൽ മാത്രമല്ല കണ്ണൂർ ഉൾപ്പടെ അനവധി നഗരങ്ങളിൽ ചെയ്ത് നോക്കാവുന്ന ഐഡിയ ആണ്. സർക്കാരിന് നല്ല സംവിധാനം ഉണ്ടാകും, കുറച്ചു കാശ് കയ്യിൽ വരികയും ചെയ്യും.

8. അമേരിക്ക ഉൾപ്പെടെയുള്ള അനവധി രാജ്യങ്ങളിൽ ഇപ്പോൾ സ്വകാര്യ ജയിലുകളുണ്ട്. സർക്കാരിന്റെ ചിലവുകൾ കുറക്കുക, സ്വകാര്യമേഖലയുടെ കാര്യക്ഷമതയും ക്രിയേറ്റിവിറ്റിയും ഉപയോഗപ്പെടുത്തുക. സ്വകാര്യ മേഖല എന്ന് പറയുമ്പോൾ ചതുർത്ഥിയാകുന്ന മലയാളിയെ സമാധാനിപ്പിക്കാൻ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷനോ സഹകരണമേഖലയോ ആകാം. എന്താണെങ്കിലും ഈ രംഗത്ത് അല്പം കോമ്പറ്റിഷൻ വരുന്നത് നല്ല കാര്യമാണ്. എവിടെയാണ് കൂടുതൽ നന്നായി ജയിൽവാസികളുടെ പരിവർത്തനം നടക്കുന്നതെന്ന് പഠിക്കുകയും ചെയ്യാമല്ലോ.

ഡോ. മുരളി തുമ്മാരുകുടി

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി.ലോകത്ത് അന്‍പതിലേറെ രാജ്യങ്ങളില്‍ യുദ്ധ-ദുരന്ത പ്രദേശങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.  ദുരന്ത ലഘൂകരണത്തെപ്പറ്റി മലയാളത്തില്‍ സ്ഥിരമായി എഴുതുന്നു.

Leave a Comment

Your email address will not be published. Required fields are marked *