Get in touch

ഡീപ്പ് ക്ളീനിങ്ങ് – ഡീപ്പ് ശോകം

professional-deep-cleaning-service-person-using-vacuum-cleaner-office

ഡീപ്പ് ക്ളീനിങ്ങ് – ഡീപ്പ് ശോകം

സ്വിറ്റ്‌സർലാണ്ടിൽ ഓരോ തവണ വാടകക്ക് വീടെടുക്കുന്നതിന് മുൻപും വീട്ടിലെ ഓരോ മുറിയും, ഫ്ലോറും, ഉപകരണങ്ങളും ഒക്കെ ഏത് കണ്ടീഷനിൽ ആയിരുന്നുവെന്ന് മാർക്ക് ചെയ്യുന്ന ഒരു ചെക്ക് ലിസ്റ്റ് ഉണ്ട്. വാടകക്ക് വരുന്ന ആളും ഉടമസ്ഥന്റെ ഏജന്റും ആണ് ഈ പരിശോധന നടത്തുന്നതും ചെക്ക് ലിസ്റ്റ് പൂർത്തിയാക്കുന്നതും.

അതുപോലെ തന്നെ വാടക വീട് മാറുന്നതിന് മുൻപ് ഇതേ ചെക്ക്ലിസ്റ്റുമായി ഏജന്റ് വരും. വീണ്ടും പരിശോധിക്കും. കാലാനുസൃതമായ കോട്ടങ്ങൾ അല്ലാതെ എന്തെങ്കിലും നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് ഫൈൻ ഈടാക്കും.

അതുകൊണ്ട് തന്നെ വാടക വീടുകൾ ഏറെ നന്നായി സൂക്ഷിക്കാൻ വാടകക്കാർ നിർബന്ധിതരാകുന്നു. പോരാത്തതിന് വീടൊഴിയുന്നതിന് മുൻപ് ഒരു പ്രൊഫഷണൽ ഡീപ്പ് ക്ളീനറെ വരുത്തി വീടിന്റെ ഓരോ മുക്കും മൂലയും വൃത്തിയായി ക്ളീൻ ചെയ്യുന്നു.

ഈ ഡീപ്പ് ക്ളീനേഴ്സിന്റെ പ്രവർത്തി ഒന്ന് കാണേണ്ടത് തന്നെയാണ്. സാധാരണ മൂന്നു പേരാണ് വരുന്നത്, ഒരു വാനും കാണും. പല തരത്തിലുള്ള വാക്വൻ ക്ളീനർ, അനവധി തരത്തിലുള്ള ക്ളീനിങ്ങ് ദ്രാവകങ്ങൾ, പോളിഷിംഗിനുള്ള രാസവസ്തുക്കൾ, ബ്രഷുകൾ, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ, സ്റ്റെപ്പ് ലാഡറുകൾ എന്നിങ്ങനെ എല്ലാം. ഒരിക്കൽ പോലും നമ്മളോട് “മീതിനേ ആ വലിയ സ്ക്രൂ ഡ്രൈവർ ഉണ്ടോ” എന്ന് ചോദിക്കില്ല.

നാട്ടിലെ സ്ഥിതി പൊതുവെ ഇതല്ലല്ലോ. വാടകക്ക് വീടെടുത്തൽ അത് മൊത്തം കുളമാക്കിയിട്ട് പോകുന്നതാണ് രീതി. മിക്കവാറും സാഹചര്യത്തിൽ എങ്ങനെയെങ്കിലും വാടകക്കാരെ പറഞ്ഞുവിടാനുള്ള ശ്രമം ആയിരിക്കും ഉടമസ്ഥന്റേത്, അതുകൊണ്ട് വീടിന്റെ വൃത്തിനിലവാരം ഒന്നും പരിശോധിക്കില്ല. പലപ്പോഴും അവസാനത്തെ മാസത്തെ ഇലക്ട്രിസിറ്റി ചാർജ്ജ് പോലും കൊടുത്തിട്ടുണ്ടാവില്ല. വീടൊഴിഞ്ഞു കഴിഞ്ഞാൽ അത് വീണ്ടും ഉപയോഗത്തിന് യോഗ്യമാക്കണമെങ്കിൽ ഒരു വർഷത്തെ വാടകത്തുക എങ്കിലും കൊടുക്കേണ്ടി വരും. ഇതൊക്കെ നേരനുഭവമാണ്, അതുകൊണ്ട് തന്നെ എന്റെ വീടോ/ഫ്ലാറ്റോ വാടകക്ക് കൊടുക്കാറില്ല.

പക്ഷെ വിഷയം അതുകൊണ്ടും തീരുന്നില്ലല്ലോ. വീട് വെറുതെ കിടന്നാലും ആളില്ലാതെ കിടന്നാൽ ഇടക്കിടക്ക് വൃത്തിയാക്കേണ്ടി വരും. എന്നാൽ പോലും തിരിച്ചു താമസിക്കാൻ വരുമ്പോൾ ഒന്ന് ഡീപ്പ് ക്ളീൻ ചെയ്യേണ്ടി വരും.

കോവിഡിന് ശേഷം നാട്ടിലും ഡീപ്പ് ക്ളീനിങ്ങ് കമ്പനികൾ ഒക്കെ വന്നിട്ടുണ്ട്. വെബ്‌സൈറ്റും പരസ്യവും ഒക്കെ കണ്ടാൽ കാര്യം ഗംഭീരമാണ്. ചാർജ്ജും നിസ്സാരമല്ല. ഇത് വരെ രണ്ടു പ്രാവശ്യം ഇവരെ വിളിച്ചിട്ടുണ്ട്. പക്ഷെ മൊത്തം ശോകമാണ്.

ടിപ്പിക്കൽ അനുഭവം പറയാം

1. പറഞ്ഞ സമയത്തിന് വരിക എന്ന ശീലമില്ല
2. ആവശ്യത്തിനുള്ള ഉപകരണങ്ങളോ ക്‌ളീനിംഗ് കെമിക്കലോ സ്റ്റെപ് ലാഡർ പോലും ഉണ്ടാകില്ല. വന്ന് ഓരോ അരമണിക്കൂറിലും എന്തെങ്കിലും പുതിയ ആവശ്യം ഉണ്ടാകും, നമ്മൾ കടയിൽ പോയി വാങ്ങാൻ റെഡി ആയി നിൽക്കണം
3. വ്യക്തി സുരക്ഷാ ഉപകരണങ്ങൾ എന്ന് കെട്ടിട്ട് പോലുമില്ല.
4. മിക്കവാറും ഒരു മലയാളി സൂപ്പർവൈസറും രണ്ടോ മൂന്നോ ഇതര സംസ്ഥാന തൊഴിലാളികളും ആണ് ഒരു ഗ്രൂപ്പ് ആയി വരുന്നത്. ഇവർക്ക് ആർക്കും തന്നെ ഡീപ്പ് ക്ളീനിങ്ങ് തൊട്ട് വീട് ക്ളീനിംഗിൽ വരെ ഒട്ടും പരിശീലനം ഉള്ളവർ അല്ല. മനോധർമ്മം വച്ചിട്ടുളള ഒരു പ്രയോഗമാണ്.
5. സൂപ്പർവൈസറുടെ പ്രധാന ജോലി സിറ്റിംഗ് റൂമിൽ ഇരുന്ന് വാട്സ്ആപ്പ് നോക്കലും ഓരോ അരമണിക്കൂറിലും “സാർ, അല്പം ടോയ്‌ലറ്റ് ക്ളീനിങ്ങ് ലിക്വിഡ് കിട്ടുമോ” എന്നൊക്കെ നമ്മളോട് ചോദിക്കലുമാണ്. വീട് വൃത്തിയാകുന്നുണ്ടോ എന്ന് നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്
6. ഡീപ്പ് ക്ളീനിങ്ങ് പോയിട്ട് സാധാരണ ക്ളീനിങ്ങ് പോലും ആകാതെയായിരിക്കും പണി “തീർക്കുന്നത്”.

പണം കൊടുത്തു പോയത് കൊണ്ട് വെറുതെ വിടാൻ പറ്റില്ലല്ലോ, അവരുടെ ഓഫിസിൽ പരാതിപ്പെട്ടു. അവർ അടുത്ത ഗ്രൂപ്പിനെ അയച്ചു. പക്ഷെ ഇതേ കോൺഫിഗറേഷൻ ആണ്. വരുന്നവർക്ക് പണി അറിയില്ല, സത്യത്തിൽ ഇവർ ഡീപ്പ് ക്ളീനിങ്ങ് വിദഗ്ദ്ധരോ ക്ളീനിങ്ങ് വിദഗ്ദ്ധരോ ഒന്നുമല്ല. അന്നന്ന് കിട്ടുന്ന കുറച്ചാളുകളെ കൂട്ടി വിടുന്നതാണ്. പ്ലംബിംഗോ ഇലക്ട്രിക് പണിയോ പോലെ ഇതിന് പ്രത്യേക പരിശീലനമോ സർട്ടിഫിക്കേഷനോ ഒന്നുമില്ലാത്തത് കൊണ്ട് ആരെയും വിടാം. കല്ല് പിഴിഞ്ഞ് വെള്ളം എടുക്കാൻ നോക്കുന്നത് പോലെ നിരർത്ഥകമാണ് ഇവരെക്കൊണ്ട് ഡീപ്പ് ക്ളീൻ ചെയ്യിക്കുന്നത് എന്നറിയാവുന്നത് കൊണ്ട് പിതൃസ്മരണയോടെ പണി അവസാനിപ്പിച്ചു.

പക്ഷെ കേരളത്തിൽ ഏറെ ആവശ്യം ഉള്ള ഒരു സേവനമാണ്. കൂടി വരാൻ പോകുന്നതുമാണ്. എൺപത് ലക്ഷത്തോളം വീടുകൾ കേരളത്തിൽ ഉണ്ടെന്നാണ് കണക്ക്. പൂട്ടിക്കിടക്കുന്ന വീടുകൾ തന്നെ പത്തുലക്ഷത്തോളം വരും. കേരളത്തിലെ വീടുകളിൽ ഒരു ശതമാനവും പൂട്ടിക്കിടക്കുന്ന വീടുകളിൽ പത്തു ശതമാനവും ആളുകൾ വർഷത്തിൽ ഒരിക്കൽ ഡീപ്പ് ക്ളീൻ ചെയ്യാം എന്ന് തീരുമാനിച്ചാൽ തന്നെ മൂന്ന് ലക്ഷത്തോളം വീടുകൾ ആയി. ഒരു വീടിന് പതിനായിരം രൂപ വച്ച് കൂട്ടിയാൽ മുന്നൂറു കോടി രൂപയുടെ ബിസിനസ്സ് ആണ്.

എന്നാണ് പ്രൊഫഷണൽ ആയി ഒരു ഡീപ്പ് ക്ളീനിങ്ങ് സംവിധാനം നമുക്ക് ഉണ്ടാകുന്നത്?

ഈ പോസ്റ്റ് വായിച്ച് നന്നായി ഡീപ്പ് ക്ളീനിങ്ങ് ചെയ്യുന്നവർ ഉണ്ടെങ്കിൽ നിങ്ങളുടെ ഓഫറും ഡീപ്പ് ക്ളീനിംഗിൽ നല്ല അനുഭവം ഉള്ളവർ അനുഭവവും കമ്പനിയുടെ പേരും ഇവിടെ പോസ്റ്റ് ചെയ്യൂ.

ഡോ. മുരളി തുമ്മാരുകുടി

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി.ലോകത്ത് അന്‍പതിലേറെ രാജ്യങ്ങളില്‍ യുദ്ധ-ദുരന്ത പ്രദേശങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.  ദുരന്ത ലഘൂകരണത്തെപ്പറ്റി മലയാളത്തില്‍ സ്ഥിരമായി എഴുതുന്നു.

Leave a Comment

Your email address will not be published. Required fields are marked *