ബാലിയിൽ നടന്ന അന്താരാഷ്ട്ര വനിതാ സമ്മേളനം: ആദിവാസി സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ച് കേരള ഗവേഷകർ.
ബാലി, ഇന്തോനേഷ്യ– ഇന്തോനേഷ്യയിലെ ബാലിയിലുള്ള ഫോർ സ്റ്റാർ ബൈ ട്രാൻസ് കൺവെൻഷൻ സെന്ററിൽ വെച്ച് മെയ് 29–30 തീയതികളിൽ നടന്ന 11-ാമത് വേൾഡ് വുമൺ സ്റ്റഡീസ് സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള ഡോ. പീജ രാജനും, ഡോ. ദിവ്യ കെ യും സംയുക്തമായി അവതരിപ്പിച്ച പ്രബന്ധം ഏറ്റവും മികച്ച അവതരണത്തിനുള്ള അവാർഡ് നേടി. “കേരളത്തിലെ ആദിവാസി സ്ത്രീകളുടെ സവിശേഷ ആരോഗ്യ ആവശ്യങ്ങൾ മനസ്സിലാക്കൽ: ഒരു ഇന്റർസെക്ഷണൽ വിശകലനം” എന്ന പ്രബന്ധത്തിനാണ് അംഗീകാരം ലഭിച്ചത്.
കേരളത്തിലെ ഗോത്രവർഗ സ്ത്രീകൾ നേരിടുന്ന ആരോഗ്യ സംരക്ഷണത്തിലെ സൂക്ഷ്മമായ അസമത്വങ്ങൾ ചർച്ച ചെയ്യുന്ന പ്രബന്ധം, ജാതി, ഭൂമിശാസ്ത്രം, സാമൂഹിക സാമ്പത്തിക സ്ഥിതി തുടങ്ങിയ പരസ്പരബന്ധിത ഘടകങ്ങൾ സ്ത്രീകളുടെ ആരോഗ്യത്തെ എങ്ങനെ സാരമായി ബാധിക്കുന്നു എന്ന് ഊന്നിപ്പറഞ്ഞു.
“ടോക്കിംഗ് ഷോപ്പ്: ഫെമിനിസവും നമ്മുടെ കാലത്തെ നിർണായക പ്രശ്നങ്ങളും” എന്ന പ്രമേയത്തിൽ നടന്ന സമ്മേളനം, സമകാലിക ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിൽ ഫെമിനിസത്തിന്റെ പങ്കിനെക്കുറിച്ച് ചർച്ച ചെയ്തു. 70-ൽ പരം രാജ്യങ്ങളിൽ നിന്നുമുള്ള 150-ഓളം അക്കാദമിക് വിദഗ്ധരും ആക്ടിവിസ്റ്റുകളും നയരൂപീകരണക്കാരും സമ്മേളനത്തിൽ പങ്കെടുത്തു. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നോളജ് മാനേജ്മെന്റുമായി ചേർന്ന് ഏഷ്യൻ-ആഫ്രിക്കൻ അസോസിയേഷൻ ഫോർ വിമൻ, ജെൻഡർ ആൻഡ് സെക്ഷ്വാലിറ്റി; യുഎസ്എയിലെ ബ്രിഡ്ജ് വാട്ടർ സ്റ്റേറ്റ് യൂണിവേഴ്സിറ്റി; വെസ്റ്റ് ഇൻഡീസ് യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് എന്നിവരാണ് പരിപാടി സംഘടിപ്പിച്ചത്.
ഫിലിപ്പീൻസ്, ശ്രീലങ്ക, സാംബിയ, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രശസ്ത അക്കാദമികരും സമ്മേളനത്തിൽ പങ്കെടുത്തു. ഐക്യ രാഷ്ട്ര സഭയുടെ കീഴിൽ സ്ത്രീ സമത്വത്തിനും ശാക്തീകരണത്തിനുമായി പ്രവർത്തിക്കുന്ന യു എൻ വുമണിന്റെ കേരള സ്റ്റേറ്റ് കോഓർഡിനേറ്റർ ആണ് ഡോ. പീജ രാജൻ. സാമൂഹ്യ ശാസ്ത്ര ഗവേഷകയാണ് ഡോ. ദിവ്യ.
സ്ത്രീകൾക്ക് വേണ്ടി രൂപീകരിച്ചിരിക്കുന്ന സർക്കാർ നയങ്ങളും പരിപാടികളും ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് ഈ പഠനം പരിശോധിക്കുന്നു, സാംസ്കാരിക വൈവിധ്യങ്ങളിൽ നിന്ന് ഉയർന്നുവരുന്ന പ്രത്യേകമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഗോത്ര സമൂഹങ്ങളിലെ സ്ത്രീകൾക്കായി തനത് പരിപാടികൾ എങ്ങനെ രൂപപ്പെടുത്താമെന്ന് പഠനം ചർച്ച ചെയ്യുന്നു.