Get in touch

വന്യമായ അവകാശവാദമേ അറിയുകയീ സത്യം

elephant- human conflict_(1024_x_768)

വന്യമായ അവകാശവാദമേ അറിയുകയീ സത്യം

ഡോ. ആർ. രാംകുമാർ

മനുഷ്യ-വന്യമൃഗ സംഘർഷ വിഷയത്തിൽ ശാസ്ത്രീയവും നിയമപരവുമായ നിലപാടാണ് എൽഡിഎഫ് സർക്കാർ കൈകൊണ്ടിട്ടുള്ളത്. ഈ വിഷയത്തിലെ അടിസ്ഥാന പ്രശ്നങ്ങൾ പലതുമുണ്ടെങ്കിലും ഇന്ന് കർഷകരും കർഷക സംഘടനകളും ഉയർത്തുന്ന ഒരു അടിയന്തിര ആവശ്യം വന്യമൃഗങ്ങളെ വേട്ട ചെയ്തു കൊല്ലുന്നതുമായി ബന്ധപ്പെട്ടതാണ്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ തന്നെ നിർത്താൻ ആഗ്രഹമുള്ള ചിലരുണ്ട്. അവർ ചോദിക്കുന്നത് എന്തിന് കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തണം; വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 11 അനുസരിച്ച് സംസ്ഥാന സർക്കാരിന് തന്നെ കൊല്ലാൻ ഉത്തരവിടാൻ അധികാരമുണ്ടല്ലോ; അതനുസരിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡന് കൊല്ലാൻ ഉത്തരവ് പുറപ്പെടുവിക്കാമല്ലോ; എന്നൊക്കെയാണ്. അതിലളിത യുക്തിയിൽ ശരിയെന്ന് തോന്നുമെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നതാണ് ഇത്തരം വാദങ്ങൾ.

വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഷെഡ്യൂളുകൾ ഒന്നിലെയും രണ്ടിലെയും വന്യമൃഗങ്ങളെ വേട്ട ചെയ്യുന്നത് വളരെ കർശനമായി വിലക്കിയിട്ടുണ്ട്. എന്നാൽ ഈ നിയമത്തിലെ തന്നെ മൂന്ന് ഉപവാക്യങ്ങൾ പ്രകാരം ഇളവുകളും ഉണ്ട്. സെക്ഷൻ 11, സെക്ഷൻ 62, സെക്ഷൻ 12 എന്നിവയാണ് ഈ ഉപവാക്യങ്ങൾ.

സെക്ഷൻ 11ൽ പറയുന്നത് ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട വന്യമഗങ്ങളെ (അതായത് ആന, കടുവ, പുലി, മാൻ, കുരങ്ങ്, മയിൽ തുടങ്ങിയവയെ) കൊല്ലണമെങ്കിൽ അവ മനുഷ്യജീവന് അപകടമുള്ളതാണെന്നോ ഗുരുതര രോഗമുള്ളതാണെന്നോ അംഗവൈകല്യം ഉള്ളതാണെന്നോ സംസ്ഥാനത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡന് ബോധ്യപ്പെടണം. പക്ഷേ വെറുതെ ബോധ്യപ്പെട്ടാൽ പോരാ. ഈ വന്യമൃഗങ്ങളെ പിടികൂടുകയോ മയക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യുക വഴി വിഷയം പരിഹരിക്കാൻ കഴിയില്ല എന്ന് അതിനു മുൻപ് തെളിയിക്കണം. മാത്രമല്ല, ഇങ്ങനെ പിടിക്കപ്പെടുന്ന/മയക്കപ്പെടുന്ന മൃഗങ്ങളെ തടവിൽ സൂക്ഷിക്കാൻ പാടില്ല. തടവിൽ സൂക്ഷിക്കണമെങ്കിൽ അവയെ കാട്ടിൽ പുനരധിവസിപ്പിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെടുകയും അതിനുള്ള കാരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്യണം. ഈ ബോധ്യപ്പെടലുകളെല്ലാം തെളിവ് സഹിതം രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഷെഡ്യൂൾ ഒന്നിലെ ഒരു മൃഗത്തെ കൊല്ലാൻ ഉത്തരവിടാൻ കഴിയൂ.

ഇനി കൊല്ലുന്നത് എളുപ്പമാണോ? ഇവിടെയാണ് നിയമത്തിന് അനുബന്ധമായി കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുള്ള “സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ” നിലവിൽ വരുന്നത്. ഷെഡ്യൂൾ ഒന്നിലെ കടുവയോ പുലിയോ ആണ് നാട്ടിൽ ഇറങ്ങിയിട്ടുള്ളതെങ്കിൽ നമ്മുടെ പ്രശസ്തമായ ആ “ആറംഗ സമിതി” രൂപീകരിക്കണം. ക്യാമറകൾ ഒക്കെ വെച്ച് അതിലെ ചിത്രങ്ങൾ പരിശോധിച്ചു ദേശീയ റിപ്പോസിറ്ററിയിലെ ഫോട്ടോകളുമായി താരതമ്യം ചെയ്ത് കടുവയാണോ പുലിയാണോ എന്നത് തിരിച്ചറിയണം. അവ മൂലം നാട്ടിൽ കന്നുകാലികൾക്ക് പരിക്കുകൾ ഉണ്ടായിട്ടുണ്ടോ, എന്തെങ്കിലും ഗുരുതരമായ ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ടോ, നടന്നിട്ടുണ്ടെങ്കിൽ അവയുടെ കാരണങ്ങൾ എന്തൊക്കെ, എന്നതിനെക്കുറിച്ചൊക്കെ പഠിക്കണം (“ഡീറ്റെയിൽഡ് റിസർച്ച് വർക്ക്” എന്നാണ് ഉപയോഗിച്ചിട്ടുള്ള പദം). ഇതൊക്കെ ഉറപ്പുവരുത്തുന്ന പക്ഷം ആദ്യം കെണി വെക്കണം. കെണി വെച്ചിട്ടും പിടിക്കാൻ പറ്റിയില്ലെങ്കിൽ മയക്കു വെടി വയ്ക്കാം. പക്ഷേ വെടിവെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിനടുത്ത് (അതിന് പേര് “കിൽ സൈറ്റ്” എന്നാണ്) മൃഗത്തെ കൃത്യമായി തിരിച്ചറിയാൻ സഹായിക്കുന്ന ക്യാമറ ട്രാപ്പ് സ്ഥാപിക്കണം. ഈ കിൽ സൈറ്റിൽ കടുവയുടെയോ പുലിയുടെയോ ദിവസേനയുള്ള ചലനങ്ങൾ പഠിക്കാൻ പ്രഷർ ഇംപ്രഷൻ പാഡുകൾ സ്ഥാപിക്കണം. പ്രദേശത്ത് ക്രമസമാധാനം ഉറപ്പുവരുത്താൻ സെക്ഷൻ 144 പ്രഖ്യാപിക്കണം. മയക്കുവെടി കൊണ്ടാൽ പിടിക്കപ്പെടുന്ന കടുവയോ പുലിയോ ആരോഗ്യമുള്ളതാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. ആരോഗ്യം ഉണ്ടെങ്കിൽ റേഡിയോ കോളർ ഘടിപ്പിച്ച് അതിനെ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയെ അറിയിച്ച് വനത്തിലേക്ക് തന്നെ തുറന്നു വിടണം. പരിക്കുണ്ടെങ്കിൽ മൃഗശാലയിലേക്ക് മാറ്റണം.

മയക്കുവെടി പോരാ, കൊല്ലണമെന്ന് തന്നെ നിർബന്ധമാണെങ്കിലോ? ഈ കടുവ അല്ലെങ്കിൽ പുലി സ്ഥിരമായി മനുഷ്യന്റെ മരണങ്ങൾക്ക് കാരണമാകുന്ന, മനുഷ്യനെ കൊല്ലുന്നത് സ്ഥിരംശീലമാക്കിയ, മൃഗമാകണം. ഇതൊക്കെ ഉറപ്പുവരുത്തുന്നതിനും തെളിയിക്കുന്നതിനും പ്രത്യേകമായ മാർഗ്ഗനിർദ്ദേശങ്ങൾ വേറെയുണ്ട്.

ഷെഡ്യൂൾ ഒന്നിലെ തന്നെ കാട്ടാനകളുടെ കാര്യത്തിലും ഇത്തരം മാർഗ്ഗനിർദ്ദേശങ്ങൾ നിലവിലുണ്ട്. ആനയെ തിരിച്ചറിയാനും ചലനങ്ങൾ നിരീക്ഷിക്കാനും ക്യാമറകൾ സ്ഥാപിക്കാനും ഒക്കെ കഴിയണം. കാട്ടാന മനുഷ്യജീവനും സ്വത്തിനും അപകടകാരിയാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ പിടികൂടാൻ കഴിയുകയുള്ളൂ. അതുകൊണ്ടാണ് പലപ്പോഴും മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ കാലതാമസങ്ങൾ നേരിടുന്നത്.

അവസാനമായി, ഷെഡ്യൂൾ ഒന്നിലെ ഏതെങ്കിലും മൃഗത്തെ കൊന്നാൽ തന്നെ, ഇതേ നിയമത്തിന്റെ സെക്ഷൻ 39 പ്രകാരം, ആ വന്യമൃഗത്തിന്റെ ശരീരം സർക്കാരിന്റെ പ്രോപ്പർട്ടി ആയിരിക്കും. മനുഷ്യർക്ക് ഭക്ഷിക്കാൻ കഴിയില്ല എന്നർത്ഥം. നിയമങ്ങൾ ലംഘിച്ച് ഇവയുടെ ഇറച്ചി ഭക്ഷിക്കുന്ന ഒരാൾക്ക് മൂന്നുവർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കാവുന്നതാണെന്ന് സെക്ഷൻ 51ൽ പ്രത്യേകമായി എഴുതിയിട്ടുമുണ്ട്.

ഇത് മാത്രമല്ല, ആ ശരീരത്തിന്റെ നിർമാർജ്ജനത്തിന്റെ ഭാഗമായി ഒരു തരത്തിലുള്ള വാണിജ്യ ഇടപാടോ ലേലമോ നടത്താനും പാടില്ല. കത്തിക്കുക മാത്രമേ വഴിയുള്ളൂ. ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിയമിക്കുന്ന ഒരു “നാലംഗ സമിതി”യുടെ മേൽനോട്ടത്തിൽ മാത്രമേ ഇങ്ങനെ കത്തിക്കാൻ പോലും കഴിയുകയുള്ളൂ.

ഈ കണിശമായ നിബന്ധനകളും മാർഗ്ഗനിർദ്ദേശങ്ങളും നിലവിലുള്ളതുകൊണ്ടാണ് പലപ്പോഴും വനംവകുപ്പിന് ഷെഡ്യൂൾ ഒന്നിലെ വന്യമൃഗങ്ങളെ സെക്ഷൻ 11 അനുസരിച്ച് വേട്ടയാടാൻ അനുമതി നൽകുന്നതിന് പലവിധമായ താമസങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നത്. ഈ സ്ഥിതി മാറണം എന്നാണ് കേരളം ആവശ്യപ്പെടുന്നത്.

എന്നാൽ കേന്ദ്രസർക്കാർ പറയുന്നത് എന്താണ്? ജൂൺ 11ന് കേന്ദ്രസർക്കാർ കേരളത്തിലെ വനംവകുപ്പിന് അയച്ച കത്തിൽ (പല മാധ്യമങ്ങളിലും ഈ കത്തിന്റെ കോപ്പി കാണാം) പറയുന്നത് ഇങ്ങനെ: “സെക്ഷൻ 11 (1) (ബി) പ്രകാരമുള്ള വ്യവസ്ഥകൾ, വന്യമൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്ന പൊതുവായ വ്യവസ്ഥകൾക്ക് ബദലായി, ഓരോ പ്രത്യേക പ്രദേശത്തുമുള്ള മൃഗങ്ങളുടെ ജനസംഖ്യയുടെ ക്രമീകരണത്തിനും ആരോഗ്യകരമായ ഒരു ആവാസ വ്യവസ്ഥ നിലനിർത്തുന്നതിനും സഹായിക്കും.” അതായത്, നിലവിലെ സെക്ഷൻ 11 വെച്ച് കാര്യങ്ങൾ നടത്തിക്കൊള്ളണം എന്നാണ് കേന്ദ്രം ഇന്നലെ കേരളത്തിന് കത്തിൽ പറഞ്ഞിരിക്കുന്നത്. ഇവിടെയാണ് പ്രശ്നത്തിന്റെ കാതൽ കിടക്കുന്നത്. ഇതുകൊണ്ടാണ് കേന്ദ്ര നയങ്ങളിൽ മാറ്റം വേണമെന്ന് കേരള സർക്കാർ പറയുന്നത്. ഇതിലേക്ക് നമുക്ക് മടങ്ങിവരാം.

ഇതുവരെ പറഞ്ഞത് ഷെഡ്യൂൾ ഒന്നിൽ പെട്ട വന്യമൃഗങ്ങളുടെ കാര്യം മാത്രമാണ്. ഇനി ഷെഡ്യൂൾ രണ്ടിൽ പെട്ട കാട്ടുപന്നികളെ പോലെയുള്ള വന്യമൃഗങ്ങളുടെ കാര്യമോ? ഇവിടെ ഷെഡ്യൂൾ ഒന്നിലേത് പോലെ അത്ര കർശനമായ വ്യവസ്ഥകളോ മാർഗനിർദേശങ്ങളോ ഇല്ല. ഷെഡ്യൂൾ രണ്ടിൽ പെട്ട മനുഷ്യജീവന് അപകടകാരിയോ വിളകൾക്ക് നാശം വരുത്തുന്നതോ ആയ വന്യമൃഗങ്ങളെ കൊല്ലാനുള്ള ഉത്തരവ് നൽകാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉണ്ട്. ഇത് ഉപയോഗിച്ചുകൊണ്ട് കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം കേരളത്തിലെ പഞ്ചായത്തുകൾക്ക് വനം വകുപ്പ് ഇതിനകം നൽകി കഴിഞ്ഞിട്ടുമുണ്ട്. എത്ര, ഏതൊക്കെ പഞ്ചായത്തുകൾ ഈ അധികാരം ഉപയോഗിക്കുന്നുണ്ട് എന്നത് മറ്റൊരു വിഷയമാണ്. പക്ഷേ ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം സംസ്ഥാന സർക്കാർ ചെയ്തു കഴിഞ്ഞിട്ടുണ്ട്. കേന്ദ്രസർക്കാരിനെ കുറ്റം പറഞ്ഞു നിൽക്കുന്നുമില്ല.

കേന്ദ്രസർക്കാരിനോട് കേരള സർക്കാർ ഇന്ന് ആവശ്യപ്പെടുന്നത് എന്താണ്? കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലും അനുബന്ധ മാർഗ്ഗനിർദേശങ്ങളിലും പരിഷ്കാരങ്ങൾ വേണം. ഈ നിയമം അനുസരിച്ച്, ഷെഡ്യൂൾ ഒന്നിലെ വന്യമൃഗങ്ങളെ ഒരുകാരണവശാലും ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കഴിയില്ല. അതിനാൽ ഷെഡ്യൂൾ ഒന്നിൽ നിന്ന് കുരങ്ങനെ ഒഴിവാക്കി ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണം. അതുവഴി കുരങ്ങനെ, ആവശ്യമെങ്കിൽ, സെക്ഷൻ 62 അനുസരിച്ച് ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിന് കഴിയും. ഇനി അങ്ങനെ അവർ പ്രഖ്യാപിച്ചില്ലെങ്കിൽ പോലും, സെക്ഷൻ 11 അനുസരിച്ച് സംസ്ഥാനതലത്തിൽ തന്നെ കുരങ്ങനെ പിടിക്കാനും കൊല്ലാനും ഉള്ള മാർഗ്ഗനിർദ്ദേശങ്ങൾ കൂടുതൽ ലളിതമാകും.

നിലവിലെ മാർഗ്ഗനിർദ്ദേശങ്ങളിലും മാറ്റം വരണം. ഷെഡ്യൂൾ രണ്ടിലെ വന്യമൃഗം ആയാൽ പോലും കണിശമായ വ്യവസ്ഥകൾക്ക് വിധേയമായി കൊണ്ട് മാത്രമേ ഇപ്പോഴും വേട്ട നടത്താൻ കഴിയുകയുള്ളൂ. ഈ മാർഗ്ഗനിർദ്ദേശങ്ങളും പരിഷ്കരിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്. അങ്ങനെ വരുമ്പോൾ ഷെഡ്യൂൾ രണ്ടിലെ കാട്ടുപന്നി പോലെയുള്ള വന്യമൃഗങ്ങളെ വേട്ട ചെയ്യുന്നത് കൂടുതൽ എളുപ്പമാവും. കുരങ്ങനെ ഷെഡ്യൂൾ രണ്ടിലേക്ക് ചേർത്താൽ അവിടെയും കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാകും. പൊതുവിൽ, ഈ മാർഗ്ഗനിർദ്ദേശങ്ങൾ സമയബന്ധിതമായി പാലിക്കാൻ കഴിയുന്നതും സംസ്ഥാന സർക്കാരുകൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്നതും ആവണം. ഏറ്റവും പ്രധാനമായി, ആക്രമണകാരിയായ വന്യമൃഗത്തെ എത്രയും പെട്ടെന്ന് വേട്ട ചെയ്തു കൊലപ്പെടുത്തേണ്ടതാണെങ്കിൽ അതിനുള്ള അവകാശവും സംസ്ഥാന സർക്കാരിന് നൽകണം. ചുരുക്കത്തിൽ, ഷെഡ്യൂൾ രണ്ടിൽ പെട്ട വന്യമൃഗത്തെ ഒരു പ്രത്യേക പ്രദേശത്ത് ക്ഷുദ്രജീവിയായി തന്നെ പ്രഖ്യാപിക്കുന്നതിനുള്ള അവകാശം സംസ്ഥാന സർക്കാരിന് നൽകണം.

ഈ സങ്കീർണ്ണതകൾ ഒന്നും മനസ്സിലാക്കാത്തവരാണ് കേന്ദ്രസർക്കാരിനെ സംരക്ഷിച്ച് നിർത്തി, പഴി മുഴുവൻ സംസ്ഥാന സർക്കാരിന്റെ തലയിലേക്ക് ഇടുന്നത്. ഈ നിലപാടിന്റെ രാഷ്ട്രീയം തിരിച്ചറിയാൻ നമുക്ക് കഴിയണം.

ഈ വിഷയത്തിൽ അതിലളിത പരിഹാരങ്ങൾ മുൻപോട്ടുവയ്ക്കുന്ന പല കൂട്ടങ്ങളും വലതുപക്ഷ പോപ്പുലിസത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നവയാണ്. കർഷകരുടെ യഥാർത്ഥ പോരാളികൾ തങ്ങളാണെന്നും പരിഹാരം ലളിതമാണെന്നും പറഞ്ഞുകൊണ്ട് ധാർമ്മികവും വൈകാരികവുമായ ഒരു പ്രചാരണതലം ഇവർ സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വലതുപക്ഷ പോപ്പുലിസത്തിന്റെ ലക്ഷണങ്ങളായ (a) ഒന്നോ രണ്ടോ ബലിയാടുകളെ തിരയുക; (b) അശാസ്ത്രീയവും അപകടകരവുമായ ബൈനറികളിലേക്ക് വഴുതിവീഴുക; (c) ഗൂഢാലോചന സിദ്ധാന്തങ്ങൾ അവതരിപ്പിക്കുക; (d) മുദ്രാവാക്യ രാഷ്ട്രീയത്തിലൂടെ ശ്രദ്ധ നേടാൻ ശ്രമിക്കുക; എന്നിവയൊക്കെ ഈ കൂട്ടങ്ങൾ ശ്രമിക്കുന്നത്. എളുപ്പവും ലളിതവും വ്യക്തവുമായ പരിഹാരങ്ങളാണ് സങ്കീർണ്ണ പ്രശ്നങ്ങൾക്കിടയിലും മനുഷ്യ മനസ്സിന് ഇഷ്ടം എന്നതുകൊണ്ട് ഇവരുടെ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് അല്പം ബലവും ലഭിക്കുന്നുണ്ട്. നമുക്ക് ചുറ്റുമുള്ള സാമൂഹ്യ മാധ്യമങ്ങളുടെ ഘടനയിൽ ഇത്തരം സന്ദേശങ്ങൾക്ക് കൂടുതൽ ശ്രദ്ധ കിട്ടുന്നു എന്നുള്ളതും ഈ പ്രചാരണത്തിന് ആക്കം കൂട്ടുന്നുണ്ട്. പക്ഷേ സങ്കീർണ്ണതകളെ മറക്കുക വഴി സമഗ്രമായ ചിന്തകളെയും പരിഹാരങ്ങളെയും ഇവർ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. സമഗ്രതയുടെ അഭാവം മൂലം ലളിതവത്ക്കരണം പരാജയങ്ങളിലേക്ക് നയിക്കുമ്പോൾ അവ പ്രശ്നങ്ങളെ കൂടുതൽ രൂക്ഷമാക്കുകയും മനുഷ്യ മനസ്സുകളെ കൂടുതൽ നിരാശയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ഇത് വലതുപക്ഷ പോപ്പുലിസത്തിന്റെ ആന്തരികമായ ഒരു രീതിയാണ്.

കേരളത്തിലെ മനുഷ്യ-വന്യജീവി സംഘർഷ വിഷയത്തിൽ ഈ ഐഡിയോളജിയുടെ പ്രഭാവത്തിനെതിരെ നിലപാടെടുക്കുന്നത് എളുപ്പമല്ല. “കൊന്നാൽ പ്രശ്നം തീർന്നില്ലേ” എന്ന അതിലളിതയുക്തി പ്രചാരം നേടുമ്പോൾ അത് മാത്രം പോരാ, കൂടുതൽ സമഗ്രതയിൽ വിഷയത്തെ കൈകാര്യം ചെയ്യണം എന്ന് പറയുന്നത് ബുദ്ധിമുട്ടായി മാറുന്നു. അതുകൊണ്ട് ഈ പശ്ചാത്തലത്തിൽ ഈ വിഷയത്തിലെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും മുദ്രാവാക്യവും എങ്ങനെ രൂപപ്പെടുത്തണം എന്നത് ഒരു വെല്ലുവിളിയാണ്; ഒപ്പം ഗൗരവമായt ചർച്ചകൾക്ക് വഴിതെളിക്കേണ്ടതാണ്.

Professor R. Ramkumar

Professor R. Ramkumar holds the NABARD Chair at the School of Development Studies, Tata Institute of Social Sciences, Mumbai. He is widely recognized for his influential work on agricultural economics and banking policy, which ranks among the most frequently cited scholarly contributions in India. His research interests include agrarian studies, agricultural economics, development economics, fiscal policy in India, and national identity schemes.

In addition to his academic role, Dr. Ramkumar serves on the State Planning Board, where he oversees sectors such as agriculture and allied services, land reforms, cooperation, irrigation and flood control, tourism, sports and youth services, and skill development.

Leave a Comment

Your email address will not be published. Required fields are marked *