അന്ന് അവരാരും വിചാരിച്ചിട്ടുണ്ടാവില്ല; തങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത് ഭാവിയില്‍ ലോകമെമ്പാടുമുള്ള ടെലിവിഷന്‍ കാഴ്ചക്കാരെ സ്വാധീനിക്കാനിടയുള്ള അദ്ഭുതക്കാഴ്ച്ചയാണ്എന്ന്. അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലെ ടെലിവിഷന്‍ പ്രേക്ഷകരാണ് ടെലിവിഷന്‍ പരസ്യനിര്മ്മിതിയുടെ കന്നിപ്രക്ഷേപണത്തിന്റെ ആദ്യസാക്ഷികള്‍.
1941 ജൂലൈ ഒന്നാം തീയ്യതി. സമയം ഉച്ചകഴിഞ്ഞ് 2 മണി 29 മിനിറ്റ്. ന്യൂയോര്‍ക്ക് നഗരത്തിലെ ബേസ് ബോള്‍ ആരാധകര്‍ കണ്ണും കാതും കൂര്‍പിച്ച് കാത്തിരിക്കുകയാണ്. നിരവധി ദേശീയ അന്തര്‍ദ്ദേശീയ ബേസ് ബോള്‍ മത്സരങ്ങള്‍ക്ക് പരവതാനിവിരിച്ച എബ്ബറ്റ് ഫീല്‍ഡ് മൈതാനിയില്‍ ദി ബ്രൂക്ലിന്‍ ഡോദ്ജേര്സും ഫിലാടെല്ഫിയ ഫില്ലീസും ഏറ്റുമുട്ടുകയാണ്. ബേസ്സ് ബോളില്‍ അഗ്രഗണ്യരായ ഇരുടീമുകള് തമ്മിലുള്ള തീപാറും മത്സരം. പ്രാദേശിക ടെലിവിഷന്‍ ചാനലായ ഡബ്ലു. എന്‍. ബി ടി ടീവിയില്‍ എതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആ മത്സരം സംപ്രേഷണം ചെയ്യപ്പെടും.
ആകാംക്ഷാനിര്‍ഭരമായ നിമിഷങ്ങളില്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് സ്ക്രീനില്‍ ആ കാഴ്ച വിരുന്നെത്തിയത്. കറുത്ത പ്രതലത്തില്‍ ചാര നിറത്തില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ രൂപരേഖ തെളിഞ്ഞു. ഒത്തനടുവില്‍ വൃത്താകൃതിയില്‍ ഒരു ക്ലോക്ക്. “അമേരിക്ക ഓടുന്നു; ബുളോവ സമയത്തിനൊപ്പം” എന്ന അശരീരി സ്ക്രീനിലെ ചിത്രത്തിന് അകമ്പടിയായെത്തി. കാഴ്ചകണ്ട് ആരും അക്ഷമരായില്ല. തെല്ല് അമ്പരപ്പോടെയാണവര് അത് വീക്ഷിച്ചത്. പത്ത് സെക്കണ്ടിനുള്ളില്‍ ചിത്രവും ശബ്ദവും ബേസ്സ് ബോളിന്റെ ആരവങ്ങള്‍ക്ക് വഴിമാറിക്കൊടുത്തു. അതേ, ആദ്യ ടെലിവിഷന്‍ പരസ്യത്തിന്റെ പ്രക്ഷേപണമായിരുന്നു അത്.
അമേരിക്കന്‍ വാച്ച് നിര്‍മാതാക്കളായ ബുളോവ ക്ലോക്ക്സ് ആന്റ് വാച്ചസ് ആണ് ആദ്യ ടെലിവിഷന്‍ പരസ്യം തയ്യാറാക്കിയത്. അന്ന് പരസ്യത്തിനായി നാലുമുതല്‍ ഒമ്പതുവരെ ഡോളര്‍ മുടക്കിയെന്നാണ് കണക്ക്. നാല് ഡോളറില്‍ തുടങ്ങിയ പരസ്യപ്രക്ഷേപണം മള്‍ടി മില്ല്യന്‍ ഡോളറുകളുടെ ഇടപാടായി വളരുന്നതിന് അധികകാലം കാത്തിരിക്കേണ്ടി വന്നില്ല.
ടെലിവിഷന്‍ വലിയ വ്യവസായമായി മാറ്റണമെന്ന് ഫെഡറല്‍ കമ്മൂനിക്കേഷന് കമ്മീഷന് തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ആദ്യ ടെലിവിഷന്‍ പരസ്യ പ്രക്ഷേപനം നടന്നത്. കമ്മീഷന് തീരുമാനത്തിന്റെ ജയപരാജയ സാധ്യതകളുടെ ലിട്മസ് ടെസ്ടായി ഡബ്ലു.എന്‍.ബി.ടി ടീവിയിലെ സങ്കേതങ്ങള്‍ മാറി. പിന്നീട് തിരിഞ്ഞുനോക്കെണ്ടാത്തവിധം പുരോഗതിയുടെ പാതയിലായി ടെലിവിഷന്‍ വ്യവസായം. വിവരവിനിമയമെന്ന അടിസ്ഥാന ധര്‍മ്മം നിര്‍വഹിക്കുന്നതിനപ്പുറം ലോകവിപണിയുടെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന വന്ശ്രിംഖലയായി ടെലിവിഷന്‍ മാധ്യമം പരിണമിച്ചു. ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും അതിന്റെ ഇരമ്പം എത്തിയെന്നത് ഈ ചരിത്ര മുഹൂര്‍ത്തത്തെ സവിശേഷമാക്കുന്നു.
ആദ്യപരസ്യത്തിനു തെരഞ്ഞെടുത്ത സമയവും സന്ദര്‍ഭവും ശ്രദ്ധേയമാണ്. ജോലിതിരക്കൊഴിഞ്ഞു ടെലിവിഷനുമുന്നില്‍ സമയവും മനസ്സും സമ്പൂര്‍ണമായി സമര്‍പ്പിച്ച് കളികാണാന്‍ ആകാംഷയോടെ കാത്തിരിക്കുന്ന സന്ദര്‍ഭം. സമയമാവട്ടെ, ബേസ് ബോള്‍ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ശക്തമായ പോരാട്ട പ്രക്ഷേപണത്തിന് തൊട്ടുമുമ്പുള്ള സെക്കണ്ടുകള്‍. എന്തുകൊണ്ടും പരസ്യചിത്രത്തിലെ വാചകങ്ങളും ദൃശ്യങ്ങളും പ്രേക്ഷകമനസ്സില്‍ തറഞ്ഞുകയറാന്‍ പറ്റിയ അവസരം. തുടര്‍ന്നിങ്ങോട്ട് നാളിതുവരെയുള്ള പരസ്യങ്ങളെല്ലാം ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചും ഗവേഷണം നടത്തി ഉറപ്പുവരുത്തിയുമാണ് പരസ്യപ്രക്ഷേപണം നടത്തിയിട്ടുള്ളതെന്നത് നമ്മുടെ അനുഭവം. അങ്ങനെ ടെലിവിഷന്‍ മാധ്യമ വളര്‍ച്ചയില്‍ നിര്‍ണായകമായ ചുവടുവയ്പായി 1941 ജൂലൈ ഒന്നാം തീയ്യതി മാധ്യമചരിത്രത്തില്‍ രേഖപ്പെടുത്തപെട്ടു.
Courtesy:Malayala Manorama Patipura July 01, 2015