മധ്യസ്ഥനില്‍നിന്നും മുഖ്യസ്ഥനിലേക്ക്
On:27 May , 2016     By:4LSh4LWLLiDgtLDgtKTgtYDgtLfgtY0g4LSV4LS+4LSz4LS/4LSv4LS+4LSf4LSo4LWN4oCN

കളിക്കൂട്ടുകാര്‍ അവനെ ‘മധ്യസ്ഥന്‍ വിജയന്‍’ എന്ന് വിളിച്ചു. അഭ്യുദയകാംക്ഷികളായ ചില അധ്യാപകര്‍ പകുതി കളിയായും പകുതി കാര്യമായും ആ വിളിപ്പേര്‍ ഏറ്റുവിളിച്ചു. എങ്ങാനും ഒരു ദിനം അവന്‍ സ്കൂളില്‍ വന്നില്ലെങ്കില്‍ മാഷ്‌ ചോദിക്കും ‘അല്ലാ, ഞമ്മളെ മധ്യസ്ഥന്‍ വിജയനെ കണ്ടില്ലാലോ’ എന്ന്‍. സംഭവം നടന്നത് കണ്ണൂര്‍ ജില്ലയില്‍ തലശേരിക്കടുത്ത് പിണറായി ഗ്രാമത്തില്‍ തലയെടുപ്പോടെ പ്രവത്തിക്കുന്ന ആര്‍. സി. അമല ബേസിക് സ്കൂളില്‍. പിണറായിയിലെ മുണ്ടേരി കോരന്‍ മകന്‍ വിജയന്‍ ആണ് കഥാനായകന്‍. പതിമൂന്നുകാരന്‍ പയ്യന് ഈ വിളിപ്പേര്‍ വീണതിന്റെ കാരണം തിരക്കിയാല്‍ നമ്മള്‍ എത്തിച്ചേരുക അവന്‍ പ്രകടിപ്പിച്ച സ്വാഭാവ വൈശിഷ്ട്യത്തിലേക്കാണ.
സ്കൂളിലും കളിയിടങ്ങളിലും പിള്ളേര്‍ തമ്മില്‍ വാക്കേറ്റമോ കശപിശയോ ഉന്തും തള്ളുമോക്കെയോ നടക്കുക സ്വാഭാവികം. അത്തരം ഘട്ടങ്ങളില്‍ ‘എന്താ പ്രശ്നം’ എന്ന്‍ ചോദിച്ചുകൊണ്ട് അവിടെ പാഞ്ഞെത്തി പ്രശ്നം എന്താണെന്ന് മനസ്സിലാക്കി ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ പരിഹാരം നിര്‍ദ്ദേശിക്കുന്നതില്‍ അവന്‍ കാട്ടിയ വൈഭവമാണ് ആ വിളിപ്പേരിനു അടിസ്ഥാനം. കൂട്ടൂകാരുടെ ഈ വിളി അന്നവന്‍ സന്തോഷത്തോടെ സ്വീകരിച്ചിരിക്കാന്‍ ഇടയില്ല. എങ്കിലും പിന്നീട് അവന്റെ ജീവിത യാത്ര മധ്യസ്ഥതയുടെ ഘോഷയാത്രയിലൂടെയായിരുന്നു എന്നത് സമകാലിക കേരളത്തിന്‍റെ അനുഭവസാക്ഷ്യം.  പിണറായി വിജയന്‍ എന്ന്‍ പില്‍കാലത്ത് അറിയപ്പെട്ട രാഷ്ട്രീയ നേതാവ് കുഞ്ഞുനാളില്‍ തന്നെ പക്വമായ സംഘാടന പാടവവും പ്രശ്ന പരിഹാരണ ശേഷിയും പ്രകടമാക്കിയിരുന്നുവെന്നതിനു നിദാനമാണ്‌ ഈ അനുഭവം.
അധ്യാപകരുടെ പിന്തുണയും സമ്മര്‍ദ്ദവും ഇല്ലായിരുന്നെങ്കില്‍ അവന്‍ ബീഡി പണിക്കാരനായി അടങ്ങിയൊതുങ്ങി ജീവിച്ചേനെ. വീട്ടുകാര്‍ ബീഡി തെറുക്കാന്‍ അയച്ചപ്പോള്‍ തന്‍റെ ആഗ്രഹങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അപ്പുറമാണ് വീട്ടിലെ ധന്സ്ഥിതിയുടെ കെടുതിയെന്നു അവന്‍ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് മറുവാക്ക് പറയാന്‍ അവനെ അശക്തനാക്കി. വിജയന്‍റെ പഠനം അനിവാര്യമാണെന്ന് കരുതിയ അധ്യാപകന്‍ പക്ഷേ വിടാന്‍ ഒരുക്കമായിരുന്നില്ല. ‘ഇവനെ തോക്കുവോളം പഠിപ്പിക്കണം’; അമ്മയെ വിളിപ്പിച്ച് വിദ്വാന്‍ പി. ശങ്കരന്‍ മുന്‍ഷി മാഷ്‌ നല്‍കിയ ആ അന്ത്യശാസനമാണ് അവന് തുടര്‍ പഠനത്തിന് അവസരമൊരുക്കിയതും ജീവിതത്തില്‍ കരുത്തായതും. തുടര്‍ പഠനത്തിലൂടെ ഇ.എസ്.ഐ.ഇ.സി പരീക്ഷ പാസ്സായതോടെ വിജയന്‍  അധ്യാപകനാകാന്‍ യോഗ്യത നേടി. പെരളശേരിയിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ നിന്നും പത്താം ക്ലാസ് പൂര്‍ത്തിയാക്കിയാതോടെ വിദ്യാര്‍ഥി ജീവിതം അവസാനിപ്പിക്കേണ്ടി വരുമായിരുന്നു. നെയ്തു തൊഴിലാളിയായി ജീവിതം ആരഭിച്ചതാണ്. പിന്നീട് അതുപേക്ഷിച്ച് പഠനം തുടരാനായി.
കോളേജു പഠന കാലത്താണ് നേതൃപാടവം പുഷ്ടിപ്പെടുന്നത്. പാറപ്രം കടവ് കടന്നു വേണം പിണറായിക്കാര്‍ക്ക് ധര്‍മ്മടത്തെ ഗവര്‍ന്മെന്റ് ബ്രണ്ണന്‍ കൊളെജിലെതാന്‍. മുന്നറിയിപ്പൊന്നും കൂടാതെ കടവ് കൂലി മൂന്ന് പൈസയായി വര്‍ധിപ്പിച്ചത് വിദ്യാര്‍ഥികള്‍ക്ക് പഠനം മുന്നോട്ടു കൊണ്ടുപോകുന്നതിന് തടസ്സമാവുന്ന നിലയായി. കോളേജില്‍ തുടക്കക്കരാനായ വിജയന്‍ സ്റ്റുഡണ്ട് ഫെടരേഷന്‍ പ്രവര്‍ത്തകരെ ചെന്ന്‍കണ്ട് വിവരം പറഞ്ഞു. ഞങ്ങള്‍ ഡി.സിയില്‍ അറിയിക്കാം; നടപടിയുണ്ടാകും എന്ന്‍ പ്രവര്‍ത്തകരുടെ മറുപടി.
ഞങ്ങള്‍ വിജയന്‍റെ നേതൃത്വത്തില്‍ എക്സിക്കുട്ടിവ് ഓഫീസറെ സമീപിച്ച് വര്‍ദ്ധിപ്പിച്ച കടത്തു കൂലി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കൂട്ടിയ കൂലി നിങ്ങള്‍ കൊടുക്കണ്ടായെന്നു അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം. കടതുകാരനോട് വാങ്ങാനും നിര്‍ദേശിച്ചു. തോണിക്കാരന്‍ അച്ചുവേട്ടന്‍ വര്‍ദ്ധിപ്പിച്ച കൂലി നല്‍കില്ലെങ്കില്‍ തോണിയില്‍ കയറ്റില്ലെന്ന് നിലപാടെടുത്തു. വൈകുന്നേരം കാണാമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇരട്ടതാപ്പ് പയറ്റിയ ആപ്പീസര്‍ ലക്ഷ്മണനെ പോരാളിയായ വിജയന്‍ തടഞ്ഞുവെച്ച് ചീത്തവിളിച്ചു. ആ ആപ്പീസര്‍ അവിടെനിന്നും മുങ്ങിയ വഴിയേതെന്നു ആരും കണ്ടില്ല.
കടവ് കടന്നെത്തുന്ന വിദ്യാര്‍ഥികള്‍ വിജയന്‍റെ നേതൃത്വത്തില്‍ യാത്രയായി. തോണിയില്‍ ബാലാല്‍കരമായി കയറി. ഇപ്പോള്‍ തോണി മറിക്കുമെന്ന് അച്ചുവേട്ടന്റെ ഭീഷണിക്ക് തൊട്ടുപുറകെ തോണി ആട്ടിയിളക്കുകയും ചെയ്തു. ഭയന്നുപോയ പിള്ളാരെല്ലാം തോണിയില്‍ നിന്നും ചാടിയിറങ്ങി. വിജയന് ഒരു കുലുക്കവുമുണ്ടായില്ല. വരുന്നത് വരുന്നിടത്ത്വെച്ച് കാണാമെന്ന മനോഭാവത്തോടെ അവന്‍ തോണിയില്‍ ഇരുന്നു. അപായമൊന്നുമില്ലാതെ മറുകര പറ്റുമ്പോള്‍ പുതിയ സമര ചരിത്രത്തിന്‍റെ രചനകൂടിയാണ് കുറിക്കപ്പെട്ടത്.
സമര തീക്ഷ്ണവും ഉദ്വേഗഭരിതവുമായ കാമ്പസ് ജീവിതത്തിന്‍റെ തുടക്കമാണ് കടവ് സമരത്തിന്റെ നായകത്വത്തിലൂടെ കൈവരിച്ചത്. തുടര്‍ന്ന്‍ സ്റ്റുഡണ്ട് ഫെടരേഷന്‍ പ്രവര്‍ത്തനത്തിന്‍റെ നേതൃ നിരയിലേക്ക്. കമ്മ്യൂണിസ്റ്റ് കേരളം കൊതിയോടെ കാത്തിരിക്കുന്ന നേതാവിന്‍റെ ഉദയം ബ്രണ്ണന്‍ കോളേജിന്റെ മണ്ണിലായിരുന്നു. പെരിങ്ങളത്തു പി.ആര്‍.കുറുപ്പിന്‍റെ അനുയായികള്‍ നടത്തിയ തെര്‍വാഴ്ചയും തോന്ന്യാസങ്ങളും ചോദ്യം ചെയ്യാന്‍ രൂപീകരിച്ച ആകഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാനൂര്‍ സ്കൂളില്‍ സംഘടനാ സ്വാതന്ത്ര്യത്തിനായി നടത്തിയ പ്രസംഗമാണ് വിജയന്‍റെ ആദ്യ പ്രസംഗം. അവിസ്മരണീയമായ ആ അനുഭവത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടാണ് സമരം മുന്നോട്ടുപോയതും വിജയം കണ്ടതും. 1965ലെ തെരഞ്ഞെടുപ്പില്‍ വി.ആര്‍.കൃഷ്ണയ്യര്‍ കെട്ടിവെച്ച കാശുകിട്ടാതെ തുന്നംപാടുമെന്ന തലശ്ശേരി പ്രസംഗത്തെ ഉള്‍ക്കൊള്ളാന്‍ അന്ന്‍ പലരും തയ്യാറായില്ല. അത്രയും കടുപ്പിക്കണ്ടായിരുന്നു എന്ന്‍ സഹപ്രവര്‍ത്തകരുടെ അടക്കംപറച്ചില്‍. ഒടുക്കം വിജയന്‍ പറഞ്ഞത് തന്നെ സംഭവിച്ചു.
തലശ്ശേരി കലാപകാലമാണ് പിണറായി വിജയന്‍ എന്ന കരുത്തുറ്റ നേതാവിന്‍റെ രംഗപ്രവേശ കാലമെന്ന് അക്ഷരാര്‍ത്ഥത്തില്‍ കുറിക്കാം. ചെങ്കൊടി കെട്ടിയ വാഹനത്തില്‍ കലാപ ബാധിത പ്രദേശങ്ങളില്‍ ഓടിയെത്തി കലാപകാരികളെ ഒതുക്കി നാടുകാരുടെ ജീവനും സ്വത്തിനും കവാലാളായ ദിനങ്ങള്‍. വസൂരിയുടെ വ്യഥയും അസ്കിതകളും  വകവയ്കാതെ കര്‍മ രംഗത്തേക്ക് ചാടിയിറങ്ങിയ വിജയന്‍റെ വാഹനവും പ്രതീക്ഷിച്ച് ഭയചകിതരായ ഇരകള്‍ കാത്തിരുന്നു. അദേഹത്തിന്റെ ആശ്വാസവാക്കുകളുടെ ചിറകിനിടയില്‍ അവര്‍ സമാധാനത്തോടെ അന്തിയുറങ്ങി.
അടിയന്തിരാവസ്ഥയുടെ കറുത്ത നാളുകളില്‍ അനുഭവിക്കേണ്ടി വന്ന ഒളിവുജീവിതം, പോലീസ് മര്‍ദനം. ജയില്‍വാസം തുടങ്ങി സംഭവ ബഹുലമായ നാളുകള്‍. തനിക്ക് അനുഭവിക്കേണ്ടി വന്ന കൊടിയ മര്‍ദ്ദനങ്ങളുടെ വെളിപ്പെടുത്തി നടത്തിയ നിയമസഭാ പ്രസംഗം ചരിത്ര പ്രസിദ്ധമായി.
ചെറിയ വാചകങ്ങള്‍, ആര്‍ക്കും പരിചിതമായ വാക്കുകള്‍, കുറിക്ക് കൊള്ളുന്ന പദ പ്രയോഗം, നിലപാടിലെ ചാഞ്ചല്യമില്ലായ്മ, ഇടപെടല്‍ മേഖലയെക്കുറിച്ചുള്ള സൂക്ഷ്മാവബോധം, കൃത്യമായ വിശകലനവും  പ്രായോഗികതയിലെ കാര്‍ക്കശ്യവും. ഇതെല്ലാമാണ് ഇന്ന് നമ്മള്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന പിണറായി വിജയന്‍റെ സവിശേഷതകള്‍. തീരുമാനം എടുത്താല്‍ അത് ചോര്‍ച്ചയില്ലാതെ നടപ്പിലാക്കാനുള്ള കനിശതയിലൂടെയാണ് അദ്ദേഹം വ്യത്യസ്തനാകുന്നത്.
നായനാര്‍ മന്ത്രിസഭയിലെ മിടുമിടുക്കനായ വൈദ്യുതി മന്ത്രി പാര്‍ടി സെക്രടരിയായി മാറിയപ്പോള്‍ ഭരണ രംഗവും സംഘടനാ രംഗവും ഒരുപോലെ വഴങ്ങുന്ന നേതാവിന്‍റെ തിളക്കമുറ്റ  പ്രവര്‍ത്തനാനുഭവങ്ങള്‍ക്ക് കേരളം സാക്ഷിയായി. പതിമൂന്നുകാരന്‍ പ്രകടിപ്പിച്ച സംഘാടന മികവിന്‍റെ തിളക്കം മുഖ്യമന്ത്രി കസേരയിലേക്ക് ആനയിക്കപ്പെടുംപോഴും പ്രകടമാകുന്നു എന്നതാണ് പിണറായി വിജയന്‍റെ മികവ്.
 

Related News.
Comments.